തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള ചെയ്ത പ്രതി പിടിയിൽ. ചാലക്കുടി സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. കടം വീട്ടാൻ വേണ്ടിയാണ് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം. ഇയാളുടെ കയ്യിൽ നിന്ന് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ഈ കഴിഞ്ഞ പതിനാലാം തീയതിയാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ ബന്ദിയാക്കി ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നിന്നും ഇയാൾ 15 ലക്ഷം രൂപ കവർന്നത്.
ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ പ്രതിയുടെ സ്കൂട്ടർ ചാലക്കുടി വിട്ട് പുറത്ത് പോയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കവര്‍ച്ച നടത്തിയ പണവുമായി പ്രതി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു എന്നാണ് വിവരം. ഇവിടെ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
ബാങ്കില്‍ അക്കൗണ്ട് ഉള്ള മുഴുവന്‍ ആള്‍ക്കാരെ കുറിച്ചും പോലീസ് അന്വേഷിച്ചിരുന്നു. കടബാധ്യതയുള്ള ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളിലേക്ക് സൂചന എത്തിയത്. ബാങ്കിനെ പറ്റി കൃത്യമായി അറിയാത്ത ആള്‍ക്ക് ഈ കവര്‍ച്ച നടത്താന്‍ കഴിയില്ലെന്നു പോലീസ് ഉറപ്പിച്ചിരുന്നു.