ഉള്ളിയേരി: ഉള്ളിയേരി കൂനഞ്ചേരിയിൽ വയോധികയുടെ മാല പൊട്ടിക്കാൻ മോഷ്ടാവിൻ്റെ ശ്രമം. കൂനഞ്ചേരി വാരിക്കുഴിയിൽ ബാലൻ നായരുടെ ഭാര്യ ദേവിയമ്മയുടെ സ്വർണ്ണ മാലയാണ് പർദ്ദ അണിഞ്ഞെത്തിയ മോഷ്ടാവ് പൊട്ടിക്കാൻ ശ്രമം നടത്തിയത്. ഇന്ന് രാവിലെ 6 മണിയോടെ വീടിൻ്റെ മുറ്റമടിക്കുമ്പോഴായിരുന്നു സംഭവം.
ദേവിയമ്മയുടെ കഴുത്തിൽ മാലയില്ലെന്ന് മനസ്സിലാക്കിയ കള്ളൻ വീടിന് അകത്ത് കടക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ദേവിയമ്മയുടെ നിലവിളി കേട്ട് ബാലൻ നായർ ഉണർന്നു. അതോടെ കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു. കള്ളൻ്റെതെന്ന് കരുതുന്ന ഒരു ചെരിപ്പ് ഇവിടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തോളി പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.
സമാന രീതിയിൽ ഏഴു വർഷം മുമ്പ് ഉള്ളിയേരി-19ാം മൈലിൽ പാടിച്ചിപ്പറമ്പത്ത് വിനോദിൻ്റെ ഭാര്യ ദിവ്യയുടെ കഴുത്തിലെ സ്വർണ്ണ മാലയുടെ അല്പം ഭാഗവും കൊണ്ടു കള്ളൻ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിയായ പ്രദേശത്ത് തന്നെയുള്ള യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു.