തിരുവനന്തപുരം: ഉപയോഗിച്ച സ്മാർട്ട് ഫോൺ വാങ്ങുമ്പോഴുള്ള അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാം എന്നും കേരളാപൊലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫോണിന്റെ ചരിത്രം പരിശോധിക്കുക. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. ഉണ്ടെങ്കിൽ, അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിക്കുക എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. ഫോൺ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ നിങ്ങൾക്ക് ഫോണിന്റെ IMEI നമ്പർ പരിശോധിക്കാവുന്നതാണ്. ഫോൺ വാങ്ങിയ ശേഷം സുരക്ഷയ്ക്കായി വീണ്ടും ഫാക്ടറി റീസെറ്റ് ചെയ്യുക. മുൻ ഉടമയുടെ എല്ലാ ഡാറ്റയും പൂർണ്ണമായി മായ്ച്ചുകളഞ്ഞെന്ന് ഇത് ഉറപ്പാക്കുമെന്നും പോസ്റ്റിൽ പറയുന്നു.
ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമായി പരിശോധിച്ചിരിക്കണം. നിയമാനുസൃതമായ വിൽപ്പനക്കാരനിൽ നിന്ന് മാത്രം ഫോൺ വാങ്ങുക. ഓൺലൈൻ മാർക്കറ്റ്‌പ്ലെയ്‌സുകളിൽ നിന്നോ നിങ്ങൾക്ക് അറിയാത്ത വ്യക്തികളിൽ നിന്നോ ഉപയോഗിച്ച ഫോണുകൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കുക. ഫിഷിംഗ് പോലുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. അറിയപ്പെടാത്ത അയച്ചവരിൽ നിന്നുള്ള ഇമെയിലുകളിലോ ടെക്സ്റ്റ് സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് തുടങ്ങിയവയാണ് പോലീസ് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ.