Trending

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും


ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി രണ്ടുദിവസം മാത്രം. ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാവുക ഡിസംബര്‍ 14 വരെ മാത്രമാണ്. ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടി നൽകിയത്. സമയപരിധി ഇനിയും നീട്ടിയില്ലായെങ്കില്‍ ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.

മൈ-ആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. പക്ഷേ ഇത് നിര്‍ബന്ധമല്ല. പേര്, വിലാസം, ജനനതീയതി, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി പുതുക്കാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ പുതുക്കണമെങ്കിൽ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

2016ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

പത്തുവര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡ് ലഭിച്ച് അപ്ഡേറ്റുകളൊന്നും വരുത്താത്തവര്‍ വിവരങ്ങള്‍ പരിഷ്‌കരിക്കാന്‍ തയ്യാറാവാണമെന്നാണ് യുഐഡിഎഐയുടെ നിര്‍ദ്ദേശം. എന്നിരുന്നാലും, ഈ അപ്ഡേറ്റുകള്‍ നടത്തേണ്ടത് നിര്‍ബന്ധമല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.

Post a Comment

Previous Post Next Post