Trending

വയനാട് ദുരന്തം; അമിത് ഷാ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, കേന്ദ്രം ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുകയാണെന്നും മുഖ്യമന്ത്രി


തിരുവനന്തപുരം: വയനാടിലെ ചൂരൽമലയിലും, മുണ്ടക്കൈലും ദുരന്തമുണ്ടായി നാലുമാസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നിവേദനം നൽകാൻ വൈകിയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും ഇതിൽ പ്രതിഷേധം അറിയിക്കുന്നെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ദുരന്തമുണ്ടായി വൈകാതെ തന്നെ പ്രത്യേക പാക്കേജ്‌ ആവശ്യപ്പെട്ടുള്ള നിവേദനം കേരളം കേന്ദ്രത്തിന്‌ കൈമാറി. വയനാട്ടിലുണ്ടായത് രാജ്യത്തെ ഏറ്റവും വലിയ ദുരന്തമായതിനാലാണ് കേന്ദ്ര സംഘം കേരളത്തിലെത്തി അവലോകനം നടത്തിയത്. ആഗസ്ത് 8ന് കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം കഴിഞ്ഞയുടനെ കേരളം ആവശ്യങ്ങളുടെ കരട് സമര്‍പ്പിച്ചു. ആ​ഗസ്ത് 17ന് വിശദ മെമ്മോറാണ്ടവും നൽകി. പുനരധിവാസത്തിന്‌ ആവശ്യമായ ഓരോ ചെലവും വിശദമാക്കിയുള്ള സമഗ്ര റിപ്പോർട്ട്‌ കേന്ദ്രം ആവശ്യപ്പെട്ടതിന് പിന്നാലെ എല്ലാ മാനദണ്ഡവും പാലിച്ചുള്ള വിശദ റിപ്പോർട്ട്‌ നവംബർ 13 ന്‌ കേരളം കൈമാറി. 

അമിത് ഷാ ആദ്യമായല്ല പൊതുസമൂഹത്തെയും പാർലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഉരുൾപൊട്ടലിന് പിന്നാലെ ഇല്ലാത്ത കാലാവസ്ഥ റിപ്പോര്‍ട്ടിന്റെ പേരില്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. അങ്ങനെയൊന്ന് ഉണ്ടായില്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കെപ്പെട്ടു. അതിന്റെ ആവര്‍ത്തനമാണ് പുതിയ പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post