മേപ്പയ്യൂർ: ക്ലാസ് എടുക്കുന്നതിനിടെ സഹപാഠിയോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. മേപ്പയൂർ ഗവൺമെൻ്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലൻ ഷൈജു (14) വിനാണ് പരിക്കേറ്റത്. കുട്ടിയുടെ വലത് കൈയിലെ തോളെല്ലിനാണ് പരിക്ക്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടെ കുട്ടി തൊട്ടടുത്തിരുന്ന കൂട്ടുകാരനോട് സംസാരിച്ചതിനെ തുടർന്ന് കൂരാച്ചുണ്ട് സ്വദേശിയായ കണക്ക് അധ്യാപകൻ അനീഷ് അടിക്കുകയായിരുന്നുവെന്ന് അലൻ്റെ പിതാവ് ഷൈജു പറഞ്ഞു.
കൈകൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്തു. ഇടവേളയ്ക്ക് ബാത്ത്റൂമിൽ പോയ അലൻ അധ്യാപകൻ അടിച്ച ഭാഗം സുഹൃത്തുകൾക്ക് കാണിച്ചു കൊടുത്തു. തോളെല്ലിന് സമീപത്തായി അധ്യാപകൻ അടിച്ചതിന്റെ പാട് കണ്ടതിനെ തുടർന്ന് കുട്ടികൾ ക്ലാസ് അധ്യാപികയെ വിവരം അറിയിച്ചു. അധ്യാപിക വന്ന് പരിശോധിച്ചപ്പോൾ അടികിട്ടിയ പാട് കാണുകയും വിവരം പ്രധാനധ്യാപകനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് പ്രധാനാധ്യാപകൻ്റെ നിർദ്ദേശത്തെ തുടർന്ന് അധ്യാപകർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മൂന്ന് മണിയോടെ വിവരം പിതാവിനെ വിവരം അറിയിച്ചു. ശേഷം കുട്ടിയെ വടകര ഗവ.ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയിലാണ് തോളെല്ലിന് ചതവ് ഉള്ളതായി കണ്ടെത്തിയതെന്ന് പിതാവ് പറഞ്ഞു. സംഭവത്തിൽ പിതാവിൻ്റെ പരാതിയിൽ അധ്യാപകനെതിരെ മേപ്പയ്യൂർ പോലീസ് കേസെടുത്തു.
Tags:
EDUCATION