Trending

മണിപ്പൂർ കത്തുന്നു; മുഖ്യമന്ത്രിയുടെയും മരുമകൻ്റെയും വീടുകൾക്ക് നേരെയും ആക്രമണം


ഇംഫാൽ: മണിപ്പൂരിൽ സംഘർഷം പടരുന്നു. മുഖ്യമന്ത്രി എൻ. ബീരേൺ സിങ്ങിന്‍റെയും മരുമകന്‍റെയും സ്വകാര്യ വസതികൾ പ്രതിഷേധക്കാർ ആക്രമിച്ചു. സുരക്ഷ ജീവനക്കാർ കണ്ണീർ വാതകം പ്രയോഗിച്ചാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഈ സമയം മുഖ്യമന്ത്രി വസതിയിലില്ലായിരുന്നു. മുഖ്യമന്ത്രിയും കുടുംബവും സുരക്ഷിതരാണെന്ന് ഓഫിസ് അറിയിച്ചു. വിവിധയിടങ്ങളിൽ വീടുകൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ ആക്രമണമുണ്ടായി. മണിപ്പൂരിലെ ജിരിബാം ജില്ലയിൽ നിന്ന് കാണാതായ ആറ് മെയ്തേയ് വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം വ്യാപിച്ചത്. 

നേരത്തെ, കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മെയ്തേയ് വിഭാഗക്കാർ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എൽ.എമാരുടെയും വീടുകൾ ആക്രമിച്ചു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ എന്നീ ജില്ലകളിൽ അക്രമത്തെ തുടർന്ന് അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഏഴു ജില്ലകളിൽ ഇന്‍റർനെറ്റ്, മൊബൈൽ സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രി സപം രഞ്ജൻ, ഉപഭോക്തൃകാര്യ, പൊതുവിതരണ മന്ത്രി എൽ. സുശീന്ദ്രോ സിങ് എന്നിവരുടെ വീടുകളാണ് ശനിയഴ്ച വൈകീട്ട് ആക്രമിച്ചത്. കൊലപാതക പ്രതികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.

സ്വതന്ത്ര എം.എൽ.എ സപം നിഷികാന്ത സിങ്ങിന്റെ വസതിയിലെത്തിയ പ്രതിഷേധക്കാർ എം.എൽ.എ സ്ഥലത്തില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക പത്രം ഓഫിസ് ആക്രമിച്ചു. കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്ന വാർത്ത ഇംഫാൽ താഴ്‌വരയിൽ പരന്നതോടെ ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. സംസ്ഥാനത്തെ ഏതാനും ജില്ലകളിൽ പുതുതായി അഫ്സ്പ ഏർപ്പെടുത്തിയത് പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംഘർഷവും അഫ്സ്പ തിരിച്ചുകൊണ്ടുവരുന്നതും തടയുന്നതിൽ മന്ത്രിമാരും എം.എൽ.എമാരും പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post