Trending

പ്രസവത്തിനിടെ യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണം; ആശുപത്രിക്ക് മുന്നിൽ റിലേ സത്യഗ്രഹത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി

എകരൂല്‍: പ്രസവത്തിനിടെ ഗർഭസ്ഥ ശിശുവും അമ്മയും മരിക്കാനിടയായ സംഭവത്തിൽ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭ സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി. യുവതിയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയാണ് റിലേ സത്യഗ്രഹത്തിന് ഒരുങ്ങുന്നത്.

എകരൂല്‍ കല്ലാരംകെട്ടില്‍ വിവേകിന്റെ ഭാര്യ പാലംതലക്കല്‍ ആറപ്പറ്റകുന്നുമ്മല്‍ അശ്വതിയും (35) ഗർഭസ്ഥ ശിശുവുമാണ് മൊടക്കല്ലൂർ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സിസേറിയനെത്തുടർന്ന് മരിച്ചത്. സെപ്റ്റംബർ 7ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അശ്വതിയുടെ ഗർഭസ്ഥശിശു സെപ്റ്റംബർ 12നും ഗുരുതരാവസ്ഥയിലായ അശ്വതി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ സെപ്റ്റംബർ 13നുമാണ്‌ മരിച്ചത്. ചികിത്സാപിഴവ് ആരോപിച്ച്‌ ഭർത്താവ് വിവേക് അത്തോളി പൊലീസില്‍ പരാതി നല്‍കുകയും മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തുകയും ചെയ്തിരുന്നു. 

തുടർന്ന് പൊലീസും ആശുപത്രി അധികൃതരും ബന്ധുക്കളുമായി ചർച്ച ചെയ്ത് പ്രതിഷേധം അവസാനിപ്പിച്ചിരുന്നെങ്കിലും ചർച്ചയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നടപ്പാക്കാത്തതിനാലാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച്‌ പ്രക്ഷോഭ സമര പരിപാടികളുമായി രംഗത്തിറങ്ങിയത്. നവംബർ 26 മുതല്‍ നീതി ലഭിക്കുന്നതു വരെ അനിശ്ചിതകാല സമരം നടത്താനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഇതിനു മുന്നോടിയായി വെള്ളിയാഴ്ച വൈകീട്ട് നാലിന് എകരൂല്‍ അങ്ങാടിയില്‍ വിശദീകരണ പൊതുയോഗം നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

Previous Post Next Post