കണ്ണൂർ: കണ്ണൂർ കരിവള്ളൂരിൽ പൊലീസുകാരിയായ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് രാജേഷ് പുതിയ തെരുവിലെ ബാറിൽ നിന്നും പോലീസിന്റെ പിടിയിലായി.
ഇന്ന് വൈകീട്ടാണ് സംഭവം. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാള്‍ ഉപയോഗിച്ചാണ് വെട്ടിയത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു.
ഓട്ടോഡ്രൈവറാണ് ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്. ഏറെക്കാലമായി ഇരുവരും തമ്മില്‍ പിണങ്ങിയാണ് കഴിയുന്നതെങ്കിലും നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. വിവാഹ ബന്ധത്തില്‍ രാജേഷിനും ദിവ്യശ്രീക്കും ഒരു കുട്ടിയുണ്ട്.