Trending

മുക്കത്ത് ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്; കാരാട്ട് കുറീസ് ചിട്ടിക്കമ്പനി പൂട്ടി ഉടമകൾ മുങ്ങി

കോഴിക്കോട്: മുക്കത്ത് പ്രവർത്തിക്കുന്ന കാരാട്ട് കുറീസ് എന്ന ചിട്ടി കമ്പനി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. എണ്ണൂറോളം ഇടപാടുകാരുളള ബ്രാഞ്ച് പരാതിക്ക് പിന്നാലെ അടച്ച് പൂട്ടിയ നിലയിലാണ്. ഇരുപത് ഇടപാടുകാർ നൽകിയ പരാതിയിൽ മുക്കം പോലീസ് അന്വേഷണം തുടങ്ങി. നിലവില്‍ ഇരുപത് പേരാണ് പൊലീസിനെ സമീപിച്ചതെങ്കിലും ഇനിയും കൂടുതല്‍ ഇടപാടുകാര്‍ പരാതിയുമായി രംഗത്ത് വരാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 

മലപ്പുറം ആസ്ഥാനമായ കാരാട്ട് കുറീസ് എന്ന സ്ഥാപനം ആറു വര്‍ഷത്തോളമായി മുക്കത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട്. നൂറുകണക്കിന് ഇടപാടുകാരുള്ള സ്ഥാപനത്തിന് മറ്റിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. വന്‍ ചിട്ടി തട്ടിപ്പ് നടന്നെന്നാണ് നിക്ഷേപകരുടെ പരാതി. അടച്ച പണം കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും തിരിച്ച് കിട്ടാത്തവരുമുണ്ട്. ചെക്ക് നല്‍കി പറ്റിച്ചെന്നും പരാതിക്കാര്‍ പറയുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ മുക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വ്യാപാരികളും ദിവസ വേതനക്കാരുമാണ് ഇടപാടുകാരില്‍ ഭൂരിഭാഗവും.
 
മുക്കം ബ്രാഞ്ചിലെ മാനേജറെയും ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഒരു കേസുമായി ബന്ധപ്പെട്ട് കോടതി സ്റ്റേ ഉണ്ടെന്ന് പറഞ്ഞ് ബ്രാഞ്ചുകള്‍ അടച്ച് പൂട്ടാന്‍ ഉടമകളായ സന്തോഷ്, മുബഷിര്‍ എന്നിവര്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും അതിന് ശേഷം ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നുമാണ് ജീവനക്കാരുടെ വിശദീകരണം. നിലവില്‍ സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളും അടച്ചുപൂട്ടിയ നിലയിലാണ്. ഉടമകള്‍ക്കെതിരെ ജീവനക്കാരും പൊലീസില്‍ പരാതി നല്‍കി.

Post a Comment

Previous Post Next Post