കൊടുവള്ളി: ഓമശ്ശേരിയിലും മുക്കം നെല്ലിക്കാപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ആക്രി കടകളിൽ മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയിൽ. ഓമശ്ശേരിയിൽ അപ്പക്കാട്ടിൽ ഷെരീഫയുടെ കടയിൽ ഈമാസം പതിനാലിനു രാത്രി മോഷണം നടന്നതുമായി ബന്ധപ്പെട്ട പരാതിയിൽ കൊടുവള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വയനാട് പനമരം സ്വദേശികളായ വാളക്കുളത്തിൽ മുഹമ്മദ് ഷായൂജ് (22), ആലപ്പുറായിൽ അർഷദ് ബിൻ അസീസ് (22), പൊന്നാണ്ടി മുഹമ്മദ് ഷിറോസ് (22) എന്നിവർ പിടിയിലായത്.
കൊടുവള്ളി പോലീസ് ഇൻസ്‌പെക്ടർ കെ.കെ.പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മോഷണം നടത്തിയ മൂന്നു പേരുടെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദ് ഷായൂജിനെ മഞ്ചേരി കാവന്നൂരിൽ വെച്ച് അന്വേഷണ സംഘം ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. ഷായൂജിനെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടു പ്രതികളായ മറ്റു രണ്ടുപേരെയും പിടികൂടുകയായിരുന്നു. ഈങ്ങാപ്പുഴക്കു സമീപത്തു നിന്നാണ് മറ്റു രണ്ടു പ്രതികളെയും കസ്റ്റഡിയിലെടുത്തത്.
പ്രതികളെ ഓമശ്ശേരിയിലെയും മുക്കം നെല്ലിക്കാ പറമ്പിലെയും കടകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പകൽ സമയങ്ങളിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ ഓറഞ്ചു കച്ചവടം നടത്തുകയും അർദ്ധ രാത്രിയിൽ ഗുഡ്സ് ഓട്ടോറിക്ഷയുമായി മോഷണം നടത്താൻ ഇറങ്ങുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളി എസ്ഐ വി.പി ആൻ്റണി, സീനിയർ സിവിൽ പോലീസ് ഓഫീസറായ എൻ.എം രതീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, റിജോ മാത്യു, എഎസ്ഐ ബിജീഷ് മലയമ്മ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റടിയിൽ വാങ്ങി കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടോന്ന് അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ കെ.കെ.പി അഭിലാഷ് പറഞ്ഞു.