Trending

കോഴിക്കോട്- ബാലുശ്ശേരി റോഡിൽ ഗതാഗത കുരുക്ക് നിത്യ സംഭവം; എന്നു തീരും ഈ ദുരിതം?


ബാലുശ്ശേരി: ബാലുശ്ശേരി- കോഴിക്കോട് റോഡിലെ യാത്രാദുരിതത്തിന് ഇനിയും പരിഹാരമായില്ല. റോഡിന്റെ വീതിക്കുറവ് മൂലം ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ്. റോഡിന്റെ വീതികൂട്ടൽ പദ്ധതി പ്രഖ്യാപിച്ചിട്ട് ആറുവർഷം കഴിഞ്ഞു. വികസനപ്രവർത്തനം പാതിവഴിയിലാണ്. നൂറുകണക്കിന് വാഹനങ്ങൾ നിത്യേന സഞ്ചരിക്കുന്ന ജില്ലയിലെ പ്രധാന റോഡാണിത്. ഒരു ബസിന് കടന്നുപോകാനുള്ള വീതിമാത്രമേ ചിലയിടങ്ങളിലുള്ളൂ. ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതിന് ഇതും കാരണമാണ്.

വീതികൂട്ടുന്നതിനായി ബാലുശ്ശേരി മുക്ക് മുതൽ കാരപ്പറമ്പ് വരെ റോഡ് അളന്നുള്ള അതിർത്തിക്കല്ലിടൽ നടത്തിയിട്ട് നാലുവർഷമായി. സ്ഥലമേറ്റെടുക്കൽ നടപടികളും നടന്നു കഴിഞ്ഞിരുന്നു. റോഡ് വികസനത്തിനായി 89.25 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. 2020 ഒക്ടോബറിലാണ് ഭൂമി ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട ലെവൽവൺ വിജ്ഞാപനമിറങ്ങിയത്. തുടർനടപടികളെല്ലാം ഇഴയുകയാണ്.

കാരപ്പറമ്പ് മുതൽ ബാലുശ്ശേരി മുക്ക് വരെ 20.3 കിലോമീറ്റർ ദൂരത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡിനാണ് (റിക്ക്) റോഡിന്റെ നിർമ്മാണ ചുമതല. കാരപ്പറമ്പ് മുതൽ ആദ്യത്തെ നാലു കിലോമീറ്റർ കക്കോടി പാലം വരെ കോർപ്പറേഷൻ പരിധിയുള്ള ഭാഗത്ത് 18 മീറ്ററിലും കക്കോടി പഞ്ചായത്ത് ഓഫീസ് മുതൽ ബാലുശ്ശേരി മുക്ക് വരെ 12 മീറ്ററിലുമാണ് വീതികൂട്ടാൻ ഉദ്ദേശിച്ചിട്ടുള്ളത്. ഇതിൽ ഒന്നര മീറ്റർ വീതം ഒരുഭാഗത്ത് ഓവുചാലും മറുഭാഗത്ത് കേബിളുകളും സ്ഥാപിക്കണം.

രണ്ടും മൂന്നും മിനിറ്റിന്റെ വ്യത്യാസത്തിൽ ബാലുശ്ശേരിയിൽ നിന്ന്‌ കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് ഗതാഗതക്കുരുക്കിൽ കുരുങ്ങി ഓടിയെത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. പലപ്പോഴും ഇത് മത്സരയോട്ടത്തിനും കാരണമാകുന്നു. അനുവദിച്ച സമയത്തിനുള്ളിൽ ഓടിയെത്താൻ കഴിയാത്തതിനാൽ ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ജീവനക്കാർ തമ്മിൽ പലപ്പോഴും വാക്കേറ്റമാകുന്നു.

കക്കോടി മുതൽ ബാലുശ്ശേരി മുക്ക് വരെ റോഡിന്റെ പണി പൂർത്തിയായാൽ മാത്രമേ യാത്രാ ദുരിതത്തിന് പരിഹാരമാകുകയുള്ളൂ. റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എൻജിനീയർക്ക് ഇതിനകം പരാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post