Trending

മൂക്കും കുത്തി താഴോട്ട്; സംസ്ഥാനത്ത് സ്വർണ വില ഇന്നും കുത്തനെ ഇടിഞ്ഞു


കൊച്ചി: ആഭരണപ്രേമികളെയും വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെയും ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തകളുമായി സ്വര്‍ണവിപണി. വില കൊടുമുടി കയറിയശേഷം ഈ ദിവസങ്ങളില്‍ കനത്ത വീഴ്ചയാണ് സ്വര്‍ണവിപണിയില്‍ ഉണ്ടാകുന്നത്. ഇന്നും അതിന് വ്യത്യാസമുണ്ടായില്ല.

ആഗോള ട്രെന്‍ഡിന് അനുസൃതമായി സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില അക്ഷരാര്‍ത്ഥത്തില്‍ കൂപ്പുകുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുത്തനെ കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6935 രൂപയായി. പവന് 55480 രൂപയായി കുറയുകയും ചെയ്തു.

ഒക്ടോബര്‍ 31നായിരുന്നു സ്വര്‍ണത്തിന് റെക്കാര്‍ഡ് വില രേഖപ്പെടുത്തിയത്. അതിനുശേഷം പവന് ഇപ്പോള്‍ 4160 രൂപയാണ് ഇടിഞ്ഞത്. എന്നാല്‍ ഈ വിലയിടിവ് സ്വര്‍ണം നിക്ഷേപമായി കരുതുന്നവര്‍ക്ക് അത്ര സുഖകരമല്ല. നിലവിലുള്ള സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് ഇനിയും വിപണി താഴാനുള്ള സാധ്യത ഉണ്ടെന്നാണ്.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 5720 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വിലയിയിടിവ് വെള്ളി വിലയിലും പ്രതിഫലിച്ചു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

Post a Comment

Previous Post Next Post