കോഴിക്കോട്: അപേക്ഷകരിൽ നിന്ന് ഈടാക്കേണ്ട തുക സംബന്ധിച്ച് കൃത്യമായ വിവരപ്പട്ടിക ചുവരുകളിൽ പതിച്ചു കൊണ്ടുതന്നെ അക്ഷയ കേന്ദ്രങ്ങൾ ജനങ്ങളെ പിഴിയുന്നു. സാധാരണക്കാർക്ക് ദൈനംദിനം ആവശ്യമായ ഇ-ഡിസ്ട്രിക്ട് സേവനങ്ങളിൽ ഉൾപ്പെടുന്ന കൈവശം, വരുമാനം, ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവക്കും റേഷൻകാർഡ്, ആധാർ, പാസ്പോർട്ട്, ലൈഫ്, തെരഞ്ഞെടുപ്പ് ഐ.ഡി, വാഹന ലൈസൻസ് ഉൾപ്പെടെ നൂറുകണക്കിന് സർട്ടിഫിക്കറ്റുകൾക്ക് എത്തുന്നവരിൽ നിന്നാണ് വ്യത്യസ്തവും ഭീമവുമായ രീതിയിൽ സംസ്ഥാനമൊട്ടുക്കും നിരക്ക് ഈടാക്കുന്നത്.
പുതിയ ആധാർ കാർഡിന് തുക ഈടാക്കുന്നില്ലെങ്കിലും തിരുത്തലുകൾ വരുത്തി പ്രിന്റ് എടുക്കുന്നതിന് 50 രൂപയേ ഈടാക്കാൻ പാടുള്ളൂവെങ്കിലും പലരും തോന്നിയ പടിയാണ് ഈടാക്കുന്നത്. അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്യുമ്പോൾ 2018ൽ ഇറക്കിയ ഉത്തരവു പ്രകാരമുള്ള ചാർട്ടാണ് പ്രദർശിപ്പിച്ചതെന്നും ഇതു പരിഷ്കരിച്ചെന്നുമാണ് സെന്റർ നടത്തിപ്പുകാർ പറയുന്നത്. പേപ്പറിനും മഷിക്കുമെല്ലാം വില കൂടിയതിനാൽ അമിത ചാർജിനെ ഇവർ സ്വയം ന്യായീകരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾക്കു പുറമെ മറ്റ് ഓൺലൈൻ സേവന കേന്ദ്രങ്ങൾ തങ്ങളെക്കാൾ കൂടുതൽ തുക ഈടാക്കുന്നതായും നിയമവിരുദ്ധമായാണ് അത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും പറഞ്ഞാണ് ഇവർ കൊള്ളലാഭത്തെ ന്യായീകരിക്കുന്നത്.
ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുന്നതിന് മൂന്നു രൂപയാണ് സർക്കാർ നിരക്ക്. പലയിടത്തും വർഷങ്ങൾക്ക് മുമ്പുള്ള അതേ നിരക്കാണ് ഇപ്പോഴും ഈടാക്കുന്നതെങ്കിലും ഏറെ കേന്ദ്രങ്ങളും ഈടാക്കുന്നത് വലിയ തുകകളാണ്. പുതിയ ആധാർ കാർഡിന് തുക ഈടാക്കുന്നില്ലെങ്കിലും തിരുത്തലുകൾ വരുത്തി പ്രിന്റ് എടുക്കുന്നതിന് 50 രൂപയേ ഈടാക്കാൻ പാടുള്ളൂ. ബയോമെട്രിക് തിരുത്തലുകൾക്ക് 100 രൂപയാണ് ഈടാക്കേണ്ടത്. പാൻ കാർഡിന് 200 രൂപ വാങ്ങാൻ അനുവദിക്കുമ്പോൾ വാങ്ങുന്നത് ആളും തരവും നോക്കി. അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനും അന്വേഷിച്ച് നടപടികൾ സ്വീകരിക്കുന്നതിനും അക്ഷയ ഡയറക്ടർ തലത്തിലും സർക്കാർ തലത്തിലും സംവിധാനവുമുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ ജില്ല തല ഉദ്യോഗസ്ഥൻ കലക്ടറാണ്.