Trending

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക; വിരമിച്ച സർക്കാർ ജീവനക്കാരുടെ ഏകദിന ഉപവാസം

താമരശ്ശേരി: ജീവനക്കാർക്ക് കോടികളുടെ വിരമിക്കൽ ആനുകൂല്യം ലഭിക്കുമെന്ന് കൊട്ടിഘോഷിച്ച് 2013-ൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ പതിനൊന്നര വർഷം പിന്നിട്ടിരിക്കുന്നു. പ്രതിമാസ ശമ്പളത്തിൽ നിന്നും10 ശതമാനം തുകയും, സർക്കാരിന്റെ തുല്യവിഹിതവും ചേർത്ത് മേൽ പദ്ധതിയിൽ നിക്ഷേപിക്കുകയും, ഈ നിക്ഷേപത്തിന്റെ 40 ശതമാനം വിരമിക്കുന്ന സമയത്ത് നിർബന്ധിത നിക്ഷേപമായി സ്വീകരിച്ച് അതിനു ഷെയർ മാർക്കറ്റ് നിശ്ചയിക്കുന്ന ആന്വിറ്റിയാണ് പെൻഷൻ ഇനത്തിൽ ജീവനക്കാർക്ക് അനുവദിക്കുന്നത്.  

എന്നാൽ മേൽ പദ്ധതിയിൽ ഉൾപ്പെട്ട് വിരമിച്ച 2000ത്തോളം ജീവനക്കാർ നിലവിൽ അഷിടിക്ക് വകയില്ലാത്ത അവസ്ഥയിലാണ്. ഭൂരിഭാഗം വരുന്ന വിരമിച്ച ജീവനക്കാർക്കും 500/- രൂപയിൽ താഴെയാണ് പ്രതിമാസ ആന്വിറ്റിയായി ലഭിക്കുന്നത്. സർക്കാരിന്റെ ക്ഷേമ പെൻഷൻ പോലും ഇതിനേക്കാൾ വലിയ തുകയാണെന്നിരിക്കെ ആരോഗ്യമുള്ള കാലം സർക്കാരിനെ സേവിച്ച 60 വയസ്സ് പിന്നിട്ടവരും വാർദ്ധക്യസഹജമായ പരാധീനതകൾ അനുഭവിക്കുന്നതുമായ ഇത്തരം ജീവനക്കാർ നിത്യവൃത്തിക്കായി മറ്റ് ജോലികൾ ചെയ്യേണ്ട അവസ്ഥയിലാണ്. സർക്കാർ ജീവനക്കാർക്കായി ആരംഭിച്ച മെഡിസെപ്പ് അംഗത്വം പുതുക്കണമെങ്കിൽ വിരമിക്കുന്ന ജീവനക്കാർ 3 വർഷത്തെ പ്രീമിയം തുകയായ 18000/- രൂപ ഒന്നിച്ച് അടവാക്കണം എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. എന്നാൽ 500/- രൂപ തികച്ച് പെൻഷൻ കിട്ടാത്തവർ എങ്ങനെയാണ് 18000/- ഒന്നിച്ചടവാക്കുക എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.!

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയ സർക്കാർ ഇക്കാര്യത്തിൽ ഉദാസീനത മനോഭാവമാണ് പുലർത്തുന്നത്. പങ്കാളിത്ത പെൻഷന്റെ നിയമപ്രകാരമുള്ള 14 ശതമാനം സർക്കാർ വിഹിതം സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ 10 ശതമാനം വെട്ടിക്കുറച്ചതിന് പുറമെ കേന്ദ്രസർക്കാർ അനുവദിച്ച ഡിസിആർജി പോലും തരാൻ സാധിക്കില്ല എന്ന ഉത്തരവിറക്കുകയാണ് നിലവിലെ സർക്കാർ ചെയ്തത്. ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ പോലും ഹനിക്കുന്നതായ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിച്ച് വിരമിച്ച ജീവനക്കാർക്ക് നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടുന്നതിനായി സർക്കാരിനോട് അഭ്യർത്ഥിച്ചു കൊണ്ട് റിട്ടയേർഡ് എൻ പി എസ് എംപ്ലോയീസ് ഫോറം കോഴിക്കോടിന്റെ നേതൃത്വത്തിൽ വിരമിച്ച ജീവനക്കാരും കുടുംബാംഗങ്ങളും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഏകദിന ഉപവാസ സമരം നടത്തി.

റിട്ടയേർഡ് എൻപിഎസ് എംപ്ലോയീസ് ഫോറം കോഴിക്കോട് ജില്ലാ ട്രഷറർ ശ്രീമതി.കൗസല്ല്യ പി.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് എൻപിഎസ് എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ശശിധരൻ വി.വി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് എൻ പി എസ് എംപ്ലോയീസ് ഫോറം കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ ബാബുരാജ് കെ ചടങ്ങിന് സ്വാഗതം ആശംസിച്ചു. റിട്ടയേർഡ് എൻപിഎസ് എംപ്ലോയീസ് ഫോറം ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി. രുഗ്മിണി.പി നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post