കോഴിക്കോട്: ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധി. വടകര പതിയാരക്കര വണ്ടായിയില്‍ സുമിത(33)യ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റ കേസിലാണ് വടകര മോട്ടോര്‍ ആന്റ് ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതിയുടെ ഉത്തരവ്.
31,62,965 രൂപ നഷ്ടപരിഹാര തുകയ്‌ക്കൊപ്പം 8 ശതമാനം പലിശയും കോടതി ചെലവും സഹിതം ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. ദേശീയപാതയിൽ നാരായണ നഗരം ജംഗ്ഷനില്‍ 2021 ഒക്ടോബര്‍ 29ന് ആയിരുന്നു അപകടം. ഭര്‍ത്താവ് രൂപേഷ് കുമാറിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുമിതയെ ഇതുവഴിയെത്തിയ സ്വകാര്യ ബസാണ് ഇടിച്ചു തെറിപ്പിച്ചത്.