താമരശ്ശേരി: താമരശ്ശേരിയിൽ മുള്ളൻ പന്നിയുടെ ആക്രമത്തിൽ യുവാവിന് പരിക്ക്. പള്ളിപ്പുറം തെക്കേമുള്ളമ്പലത്തിൽ ലിജിൽ (34)നാണ് മുള്ളൻ പന്നിയുടെ മുള്ള് കാലിൽ തുളച്ചുകയറി പരുക്കേറ്റത്.
ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ബൈക്കിൽ വീട്ടിലേക്ക് പോവുമ്പോൾ വീടിനു സമീപം റോഡിൽ വെച്ച് മുള്ളൻ പന്നി ബൈക്കിൽ ഇടിക്കുകയായിരുന്നു. കാലിലെ വിരലുകളിൽ പന്നിയുടെ മുള്ളുകൾ തുളച്ചു കയറി റോഡിൽ വീണു കിടന്ന ലിജിലിനെ സമീപത്തെ വീട്ടുകാർ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യുവാവിൻ്റെ പരിക്ക് അത്രത്തോളം ഗുരുതരമല്ലെങ്കിലും ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജനവാസ മേഖലയായ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.