കുന്ദമംഗലം: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിതയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. നടപടി ക്രമങ്ങൾ പൂർത്തിയായാൽ പ്രതിയെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റും.
കണ്ണൂരിലേക്കുള്ള യാത്രയിൽ ബസ്സിൽ വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദീപകിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നും മെഡിക്കൽ കോളേജ് പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ ഷിംജിത മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അഡ്വ. നൽസൺ ജോസ് മുഖാന്തരമാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.