കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിക്കുന്നു. കേരളത്തിലെ ചില്ലറവിൽപ്പന വിപണിയിൽ കിലോയ്ക്ക് 160 രൂപയായി ഉയർന്നു. തമിഴ്നാട്ടിലെ മൊത്ത വിപണികളിൽ 60-70 രൂപയാണ് വില. കാലാവസ്ഥ വ്യതിയാനത്തിൽ വിളവ് കുത്തനെ കുറഞ്ഞത് വിലക്കയറ്റത്തിന് കാരണമെന്ന് കർഷകരും വ്യാപാരികളും പറയുന്നു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് തമിഴ്നാട്ടിലും വടക്കെ ഇന്ത്യയിലടക്കം ഉള്ളി ഉത്പാദന മേഖലകളിൽ ഇത്തവണ വിളവ് പകുതിയിലേറെ കുറഞ്ഞിരുന്നു. ഇതിനു പുറമെയാണ് വിളവെടുപ്പിന് ശേഷമുള്ള തൂക്കക്കുറവ് കർഷകർക്ക് ഇരട്ടപ്രഹരമാകുന്നത്. പാടത്തുനിന്ന് ലഭിക്കുമ്പോൾ നല്ല ഈർപ്പവും തൂക്കവുമുണ്ടാകുന്ന ചെറിയ ഉള്ളി, ദിവസങ്ങൾ പിന്നിട്ട് ഉണങ്ങുമ്പോൾ കാര്യമായി ഭാരം കുറയും. 10 കിലോ ഉള്ളി ഉണങ്ങിക്കഴിയുമ്പോൾ പലപ്പോഴും 6, 7 കിലോയായി ചുരുങ്ങും. ഈ നഷ്ടം നികത്താനും മെച്ചപ്പെട്ട നിരക്ക് ലഭിക്കാനും കർഷകർ ഉള്ളി ഉണക്കി സൂക്ഷിച്ചുവെച്ച് വിപണിയിലെത്തിക്കുകയാണ് പതിവ്.
നിലവിൽ തമിഴ്നാട്ടിലെ മൊത്ത വിപണികളിൽ കിലോയ്ക്ക് 60 മുതൽ 70 രൂപ വരെ നിരക്കിലാണ് വിലയെങ്കിലും കേരളത്തിലേക്ക് എത്തുമ്പോൾ ഈ തൂക്കനഷ്ടവും കയറ്റിറക്ക് കൂലിയും കടത്തുചെലവും ഇടനിലക്കാരുടെ ലാഭവും കൂടി ചേരുമ്പോൾ വില ഇരട്ടിയിലധികമായി മാറുന്നു. ഇതോടെയാണ് കേരളത്തിലെ ചില്ലറവിൽപ്പന വിപണികളിൽ ചെറിയ ഉള്ളി വില 150 രൂപ കടന്ന് 160-ൽ എത്തിയത്.