Trending

ശുചിമുറി മാലിന്യം കടത്തുന്ന ലോറികളുടെ രാത്രികാല സഞ്ചാരം തുടരുന്നു; തടയാനാകാതെ നാട്ടുകാരും, അധികൃതരും.


കിഴക്കോത്ത്: രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തളളുന്ന ലോറികളുടെ സഞ്ചാരം നിർബാധം തുടരുന്നു. കഴിഞ്ഞ ദിവസം കത്തറമ്മല്‍-പരപ്പന്‍പോയില്‍ റോഡില്‍ നമ്പര്‍ പ്ലേറ്റില്ലാതെ ചീറിപ്പാഞ്ഞ ലോറിക്ക് പുറകെ യുവാക്കള്‍ പിന്തുടര്‍ന്നെങ്കിലും മുക്കം ഭാഗത്തേക്ക് കടന്ന് കളഞ്ഞു. ലോറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നായിരുന്നു പിന്തുടര്‍ന്നത്, ലോറി ഡ്രൈവര്‍ പെരിന്തല്‍മണ്ണയിലേക്കുള്ള റോഡ് തിരക്കിയതായും യുവാക്കള്‍ പറഞ്ഞു.

ശുചിമുറി മാലിന്യം കടത്തുന്ന ലോറികൾ നാട്ടുകാർക്ക് വലിയ ആശങ്കയും പ്രതിസന്ധിയും സൃഷ്ടിക്കുകയാണ്. ഇത്തരം വാഹനങ്ങളുടെ സഞ്ചാരം തടയണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്നത് ജനങ്ങളെ നിരാശരാക്കുന്നു.

രാത്രികാലങ്ങളിൽ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്ന മിക്ക മാലിന്യ ലോറികളും മഞ്ചേരി, പെരിന്തല്‍മണ്ണ, പാണ്ടിക്കാട് ഭാഗങ്ങളില്‍ നിന്നാണ് വരുന്നത്. നാട്ടുകാർ പലപ്പോഴും പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

രാത്രിയുടെ മറവിൽ നടക്കുന്ന ഇത്തരം നീക്കങ്ങൾക്ക് തടയിടാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്നും വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കാൻ ശക്തമായ സംവിധാനം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. രാത്രികാല മാലിന്യ ലോറി സഞ്ചാരം അവസാനിപ്പിക്കാൻ അധികൃതർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കുമോ എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

Post a Comment

Previous Post Next Post