മുക്കം: അപൂർവ്വ ജനിതക രോഗമായ എസ്എംഎ ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി നാടൊന്നാകെ നെട്ടോട്ടമോടുമ്പോൾ, കുടുംബത്തെ ആശങ്കയിലാഴ്ത്തി വ്യാജപ്രചാരണം. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ 50 കോടി ലഭിച്ചെന്നും ഇനി പണം അയക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ശബ്ദ സന്ദേശമാണ് കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നത്.
ഒറ്റ പ്രസവത്തിലുണ്ടായ കല്ലുരുട്ടി പൂവ്വത്തേരിച്ചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് കണ്ടെത്തേണ്ടത്. ജനകീയ ധനസമാഹരണം വെള്ളിയാഴ്ച, 20 ദിവസം പിന്നിട്ടപ്പോൾ 16.30 കോടി രൂപയാണ് സമാഹരിക്കാനായത്. വ്യാഴാഴ്ചയാണ് വ്യാജ പ്രചാരണം ചികിത്സാ സഹായ കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഒരു ദിവസം ഒരു കോടി രൂപ എന്ന ലക്ഷ്യവുമായി ചികിത്സാ സഹായ കമ്മിറ്റി പ്രവർത്തിക്കുന്നതിനിടെ വെള്ളിയാഴ്ച സമാഹരിക്കാനായത് 35 ലക്ഷം രൂപ മാത്രമാണ്. ഇനിയുള്ള 30 ദിവസത്തിനിടെ 33 കോടിയിലധികം രൂപ കണ്ടെത്തണമെന്നിരിക്കെയാണ് വ്യാജപ്രചാരണം നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.