കോഴിക്കോട്: നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ ബുധനാഴ്ച അർദ്ധരാത്രി മുതൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ഓട്ടോ-ടാക്സി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്കെന്ന് സമിതി നേതാക്കളായ എൽ. രമേശൻ, കെ.കെ മമ്മു (സിഐടിയു), പി.കെ നാസർ (എഐടിയുസി) എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
1.5 കിലോമീറ്റർ ദൂരം മിനിമം ചാർജ് 50 രൂപയായും പിന്നീട് കിലോമീറ്ററിന് 20 രൂപയായും ഉയർത്തണമെന്നും മുഴുവൻ ദിവസ വെയ്റ്റിങ് ചാർജ് 500 രൂപയാക്കി ഉയർത്തണമെന്നുമാണ് പ്രധാന ആവശ്യം. ഐഎൻടിയുസി, എസ്ടിയു തുടങ്ങിയ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവസാന നിമിഷം അവർ തങ്ങൾക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.