തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചോദ്യങ്ങൾക്ക് മറുപടിയില്ലെങ്കിൽ ക്യാമറയ്ക്ക് മുന്നിൽ ഡയലോഗ് അടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുക്കില്ലെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. മുൻ സർക്കാരിനെ പഴിപറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നത് ശുദ്ധ ഭീരുത്വമാണ്. വലിയ അഴിമതി നടത്താനായിരുന്നു സതീശന്റെ നീക്കം. അത് കയ്യോടെ പിടിക്കപ്പെട്ടെന്നും അദ്ദേഹം രൂക്ഷ ഭാഷയിൽ വിമർശിച്ചു.
സ്വന്തം മേശപ്പുറത്തിരിക്കുന്ന അതീവ ഗൗരവമുള്ള ഫയലുകളെ ടിഷ്യൂ പേപ്പർ എന്ന് വിളിച്ച് സ്വയം അപഹാസ്യനാവുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. വിവരക്കേടുകൾ വീരവാദങ്ങളാക്കി മാറ്റി ജനങ്ങളെ കൊഞ്ഞനം കുത്തുന്ന പരിഹാസ ശൈലി സ്വന്തം പോക്കറ്റിൽ വച്ചാൽ മതിയെന്നും പിണറായി വിജയൻ പറഞ്ഞു. ഹിമാചൽ പ്രദേശിൽ നിന്നും വൈദ്യുതി വാങ്ങണമെന്ന് താൻ വാദിച്ചിട്ടില്ല. മന്ത്രി സണ്ണി ജോസഫിന്റെ സാക്ഷ്യപ്പെടുത്തൽ രാഷ്ട്രീയ നാണക്കേടെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.