Trending

സിബിഎസ്ഇ 10, 12 പരീക്ഷകൾ ഫെബ്രുവരി 16 മുതൽ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


ന്യൂഡൽഹി: 2027-ലെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രസിദ്ധീകരിച്ചു. പരീക്ഷക്ക് 101 ദിവസങ്ങൾക്ക് മുൻപേ തന്നെ ടൈംടേബിൾ പുറത്തുവിട്ടതാണ് ഇത്തവണത്തെ പ്രത്യേകത. രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ 2027 ഫെബ്രുവരി 16ന് ആരംഭിക്കും. പരീക്ഷകൾ രാവിലെ 10.30ന് തുടങ്ങും.

പത്താം ക്ലാസിൽ 83 വിഷയങ്ങളിലും പ്ലസ്ടുവിൽ 121 വിഷയങ്ങളിലുമാണ് പരീക്ഷ. കുട്ടികൾ സാധാരണ ഒരുമിച്ച് തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ തമ്മിൽ മതിയായ ഇടവേളയിട്ടാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന പ്രവേശന പരീക്ഷകളുടെ തിയതിയും ഓരോ കേന്ദ്രത്തിലും പരീക്ഷ എഴുതുന്നവരുടെ എണ്ണവുമാണ് ബോർഡ് പരിഗണിച്ചത്.

ഒരു കുട്ടി തിരഞ്ഞെടുത്ത രണ്ടു വിഷയങ്ങളുടെ പരീക്ഷ ഒരേദിവസം വരാതിരിക്കാൻ 40,000ത്തിലധികം വിഷയ കോമ്പിനേഷനുകൾ പരിശോധിച്ച ശേഷമാണ് ടൈംടേബിൾ അന്തിമമായി തയ്യാറാക്കിയത്. സ്കൂളുകൾ കുട്ടികളുടെ പട്ടിക നൽകിയ ശേഷം, അന്തിമ കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

പ്രവേശന പരീക്ഷകൾക്ക് മുൻപ് തന്നെ പ്ലസ്ടു പരീക്ഷകൾ പൂർത്തീകരിക്കാനാവുന്ന വിധമാണ് ക്രമീകരണം. അതുവഴി കുട്ടികൾക്ക് പ്രവേശന പരീക്ഷക്കുള്ള തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കും. പരീക്ഷാ കാലത്ത് കുട്ടികൾക്ക് സ്കൂളിൽ നിന്ന് ഏറെനാൾ മാറിനിൽക്കേണ്ട സാഹചര്യം ഇല്ലാതാക്കാനും ബോർഡ് ശ്രമിച്ചിട്ടുണ്ട്.

വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in -ൽ ലഭ്യമാണ്.

Post a Comment

Previous Post Next Post