മേപ്പയ്യൂർ: കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ സദാചാര ആക്രമണം. മേപ്പയ്യൂരിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോളേജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ഒരു സംഘം യുവാക്കൾ ഇരുചക്ര വാഹനത്തിൽ പിന്തുടർന്ന് പ്രശ്‌നമുണ്ടാക്കുകയായിരുന്നു. യുവാക്കൾ വിദ്യാർത്ഥിനികളെ തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും അവരെ ആക്രമിക്കുകയും ചെയ്തു. പെൺകുട്ടികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു.
റോഡിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടികളെ യുവാക്കൾ റോഡരികിൽ നിന്ന് കമന്റ് അടിക്കുകയായിരുന്നു. പിന്നീട് ഇവർ ഇരുചക്ര വാഹനത്തിൽ വിദ്യാർത്ഥിനികളുടെ പിന്നാലെയെത്തി. എവിടെയാണ് പഠിക്കുന്നതെന്ന് യുവാക്കൾ പെൺകുട്ടികളോട് ചോദിച്ചു. പെൺകുട്ടി മറുപടി പറയാതെ മുന്നോട്ട് നടന്നു. യുവാക്കൾ വീണ്ടും അടുത്തെത്തി മറുപടി ആവശ്യപ്പെട്ടു തട്ടിക്കയറി. 'എന്തിനാണ് കിന്നാരം ചോദിക്കുന്നത്' എന്ന് പെൺകുട്ടി തിരിച്ചു ചോദിച്ചു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനി എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് ചോദിച്ചതോടെ യുവാക്കൾ റോഡിന് കുറുകെ വാഹനം നിർത്തി താഴെയിറങ്ങി. തന്റെ സൗകര്യത്തിന് നിൽക്കുമോയെന്ന് ചോദിച്ച് ഇവരിൽ ഒരാൾ പെൺകുട്ടിയുടെ അടുത്തേക്ക് വന്നു. ഈ സമയം ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ കൈയ്യിൽ പിടിച്ച് ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ചു.
പോലീസിൽ പരാതി കൊടുത്താൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് യുവാക്കൾ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി പറയുന്നു. കൂടാതെ യുവാക്കൾ പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങളോടെ പ്രചരിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ വിദ്യാർത്ഥിനി പയ്യോളി പോലീസിൽ പരാതി നൽകി.
കോളേജ് പരിസരത്ത് സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്ന യുവാക്കളാണ് തങ്ങളെ ഉപദ്രവിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. കോളേജിൽ പഠിക്കുന്ന ആൺകുട്ടികളേയും ഇവർ ഭീഷണിപ്പെടുത്തി. വിദ്യാർത്ഥികളെ വഴിയരികിൽ ഇരിക്കാനോ ചായകുടിക്കാനോ ഇവർ സമ്മതിക്കാറില്ല. ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ച് കണ്ടാൽ ഇവർ പ്രശ്‌നമുണ്ടാക്കും. പോലീസിൽ പരാതി കൊടുത്തതിന് പിന്നാലെ കോളേജിലെ മറ്റു വിദ്യാർത്ഥികൾക്ക് നേരെയും ആക്രമണം ഉണ്ടായെന്നും പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.