കോട്ടയം: ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. മേലമ്പാറ രാജേഷ് പല്ലാട്ടിന്റെ ആനയെ സഹോദരൻ സുരേഷിന്റെ പുരയിടത്തിൽ തളച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് 6.30ന് മഴയ്ക്കിടെയുണ്ടായ ഇടിമിന്നലേറ്റാണ് ആന ചരിഞ്ഞത്.
16 വർഷം മുമ്പാണ് ആന മേലമ്പാറ പല്ലാട്ട് തറവാട്ടിൽ എത്തിയത്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആനപ്രേമികളുടെ ഹരമായിരുന്നു 54 വയസുള്ള ബ്രഹ്മദത്തൻ. 298 സെന്റീമീറ്റർ ഉയരമുള്ള ആനയെ അരുണാചല്‍ വനങ്ങളില്‍ നിന്നാണ് കൊണ്ടുവന്നത്. 28 വർഷം മുമ്പ് കേരളത്തിലേക്ക് കൊണ്ടുവരുന്നത് പുതുപ്പള്ളി സ്വദേശി പോത്തൻ വർഗീസാണ്. തൃശൂർ പൂരത്തിന് പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പേറ്റുന്നത് ബ്രഹ്മദത്തനായിരുന്നു. 25 വർഷം പാപ്പാനായിരുന്ന ളാക്കാട്ടൂർ ദാമോദരൻ നായർ അന്തരിച്ചപ്പോൾ മൃതദേഹത്തിൽ തുമ്പികൈ കൊണ്ട് തൊട്ട് നമസ്കരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
മധ്യകേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളിൽ സ്ഥിരസാന്നിധ്യമായിരുന്നു ബ്രഹ്മദത്തൻ. ഏറ്റുമാനൂർ, വൈക്കം, തിരുനക്കര തുടങ്ങി കേരളത്തിലെ പ്രശസ്ത ക്ഷേത്ര ഉത്സവങ്ങളിലെയും പൂരങ്ങളിലെയും എഴുന്നള്ളത്തിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട്. "പല്ലാട്ടെ കുട്ടി' എന്നാണ് ആനപ്രേമികൾ വിളിച്ചിരുന്നത്. നീരിളക്കത്തെ തുടർന്ന് മേലമ്പാറയിലെ വീട്ടുവളപ്പിൽ വിശ്രമത്തിലായിരുന്നു. ആന ചരിഞ്ഞതറിഞ്ഞ് വനം വകുപ്പ് അധികൃതരും വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം കൊമ്പും നഖങ്ങളും വനം വകുപ്പ് ശേഖരിക്കും. ഇതിന് ശേഷമാകും സംസ്കാരം.