തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ തുകയിൽ വൻ ഇളവുമായി മോട്ടോർ വാഹന വകുപ്പ്. കെട്ടിക്കിടക്കുന്ന ഇ-ചെലാനുകൾ തീർപ്പാക്കുന്നതിനായി 'ഇ-ചെലാൻ ആംനസ്റ്റി പദ്ധതി'ക്ക് ഉത്തരവിറങ്ങി.
മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചെലാൻ പിഴകളിൽ 50 ശതമാനം ഇളവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 2026 മാർച്ച് 31-നോ അതിനു മുമ്പോ ലഭിച്ചതും ഇതുവരെ കോടതിയിലേക്ക് കൈമാറാത്തതുമായ ഇ-ചെലാനുകൾക്കാണ് ഈ ഇളവ് ലഭിക്കുക.
ഇളവ് അനുവദിച്ച ശേഷമുള്ള തുക നവംബർ 01 മുതൽ അടുത്ത ജനുവരി 31 വരെ അടച്ചു തീർക്കാവുന്നതാണ്. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ക്ലെയിമുകൾക്ക് ഈ ഇളവ് ബാധകമായിരിക്കും.
എന്നാൽ 2026 മാർച്ച് 31ന് ശേഷം ലഭിച്ച പുതിയ ഇ-ചെലാനുകൾക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ചെലാനുകളിൽ കൃത്യമായി പിഴ ഈടാക്കാനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
റോഡ് നിയമലംഘനത്തിനുള്ള ഫൈൻ അടക്കാൻ echallan.parivahan.gov.in എന്ന വെബ്സൈറ്റ് മാത്രം ഉപയോഗപ്പെടുത്തുക. കോടതിയിലേക്ക് മാറിയ ഇ-ചെലാനുകൾ കോടതിയിൽ നിന്ന് തിരിച്ചെടുക്കാം (court revert). ഇതിനായി ചലാൻ തയ്യാറാക്കിയ ഓഫീസിനെ സമീപിക്കാം.