തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് അധ്യാപിക മരിച്ചു. വെഞ്ഞാറമ്മൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനി ധന്യ (38) യാണ് മരിച്ചത്. മംഗലപുരത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഇവർ പോയിവരുന്നതിനുള്ള സൗകര്യാർത്ഥം കണിയാപുരത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.
ബുധനാഴ്ച വൈകീട്ടോടെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. ചൂര മീന്‍ അച്ചാറും കപ്പ പുഴുങ്ങിയതുമാണ് അധ്യാപിക കഴിച്ചു കൊണ്ടിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഭക്ഷണം കഴിച്ചയുടനെ കടുത്ത ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. തുടർന്ന് മണലിമുക്കിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: ശ്രീജിത്. മകള്‍: ശ്രദ്ധ.