കൊയിലാണ്ടി: കൊയിലാണ്ടി നന്തി മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മൂടാടി നരങ്ങോളി കുളത്തിന് സമീപം മുത്താച്ചികണ്ടി ഷിഹാബ് (26) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഈ മാസം 26ന് രാത്രി 10.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്നും മറ്റൊരു വാഹനത്തെ മറി കടന്നുവന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.
ഷിഹാബിനൊപ്പം ബൈക്കിലുണ്ടായിരുന്ന മൂടാടി സ്വദേശി മനൂഫിനും അപകടത്തിൽ പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷിഹാബ് ഇന്ന് രാവിലെയാണ് മരിച്ചത്. ഇടിച്ച വാഹനം കണ്ടെത്താൻ സിസിടിവി കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പിതാവ്: പരേതനായ ഉസ്മാൻ. മാതാവ്: സഫിയ. സഹോദരങ്ങൾ: ഷാഹിദ്, അഷ്ക്കർ, അജ്മൽ, മുഹ്സിന.