കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. ഒടുമ്പ്ര ബസാറിന് സമീപം താനിയിൽ പറമ്പ് ബൈഗേഷ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവണ്ണൂർ സ്വദേശിയായ ഗോകുലം വീട്ടിൽ മനീഷിനെ നല്ലളം പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 11.30ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒളവണ്ണ ഒടുമ്പ്ര ബസാറിന് സമീപമുള്ള പ്രദേശത്തുവച്ചാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. മദ്യപിച്ച ശേഷം ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി മനീഷ് കൈയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ബൈഗേഷിൻ്റെ കഴുത്തിൽ അതിക്രൂരമായി കുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ മനേഷിനെ തിരുവച്ചിറ കുളത്തിന് സമീപം വെച്ചാണ് പോലീസ് പിടികൂടിയത്. മൊബൈല്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാള്‍ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തിയത്. കുത്തേറ്റ ബൈഗേഷിനെ നാട്ടുകാര്‍ കാറില്‍ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയതെന്ന് നല്ലളം പോലീസ് അറിയിച്ചു.