Trending

അപ്രതീക്ഷിത ഇടിമിന്നലിൽ കുന്ദമംഗലത്ത് വ്യാപക നാ​ശ​ന​ഷ്ടം; ഒരാൾക്ക് പരിക്ക്.


കുന്ദമംഗലം: അപ്രതീക്ഷിത ഇടിമിന്നലിൽ കുന്ദമംഗലത്ത് വ്യാപക നാശനഷ്ടം. കളരിക്കണ്ടിയിൽ ഒരാൾക്ക് പരിക്കേൽക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കുന്ദമംഗലത്ത് വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും ഉണ്ടായത്. വീടിന്റെ അടുക്കളയിൽ പാൽപാത്രം എടുക്കാനായി പോയപ്പോൾ ചെറുപൈക്കാട്ട് ഗീത (60)യ്ക്ക് മുഖത്ത് പരിക്കേറ്റു. വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ബോർഡ് കത്തിത്തെറിച്ച്‌ അതിന്റെ ഭാഗങ്ങൾ മുഖത്തേക്ക് പതിച്ചാണ് പരിക്കേറ്റത്.

കളരിക്കണ്ടി ഒഴിയിൽ ഭാഗത്ത് ചേനോത്ത് സജീവൻ്റെ വീട് ഉൾപ്പെടെ നാലോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ചുമർ തകർന്നുപോയി. ഇടിമിന്നലിന്റെ ആഘാതത്തിൽ ഭൂമി കുഴിഞ്ഞു ഗർത്തം ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. വീടുകളിലെ വയറിങ് കത്തി നശിക്കുകയും വെള്ളത്തിൻ്റെ മോട്ടോർ കത്തിപ്പോകുകയും ചെയ്തു. മെയിൻ സ്വിച്ച് ബോർഡുകളും കത്തിനശിച്ചു. ഫാൻ, ലൈറ്റുകൾ തുടങ്ങിയവ കേടായി. കെഎസ്ഇബി അധികൃതർ എത്തി വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു.

വൈദ്യുതി വന്നാൽ മാത്രമേ കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയുകയുള്ളു എന്ന് വീട്ടുകാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.വി സംജിത്ത്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ ഹിതേഷ്കുമാർ എന്നിവർ വീടുകൾ സന്ദർശിച്ചു.

Post a Comment

Previous Post Next Post