പൂനൂർ: താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാനപാത പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി യുവതിക്ക് ഗുരുതര പരിക്ക്. കട്ടിപ്പാറ ഇരൂൾകുന്നുമ്മൽ ദിദുന റാം (27) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ മുജാഹിദ് പള്ളിക്ക് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് സ്റ്റോപ്പ് പൂർണമായി തകർന്നു.
ബാലുശ്ശേരി ഭാഗത്ത് നിന്നും തെറ്റായ ദിശയിൽ വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് യുവതി മാത്രമാണ് ബസ് സ്റ്റോപ്പിലുണ്ടായിരുന്നത്. മറ്റു യാത്രക്കാർ തൊട്ടുമുമ്പ് വന്ന ബസ്സിൽ കയറിപ്പോയതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ യുവതിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.