പേരാമ്പ്ര: വടകര എംഡിഎംഎ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. പേരാമ്പ്ര കൂത്താളിയിൽ ഇന്ന് രാവിലെ 7.30 ഓടുകൂടിയാണ് സംഭവം. കേസിലെ പ്രതിയായ കൂത്താളി സ്വദേശി അനസിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അനസും സഹോദരൻ ആസിഫുമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു.
ആക്രമണത്തിനിടയിൽ ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ഒരു പോലീസുകാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അധ്യാപികമാർ ഉൾപ്പെട്ട വടകര ലഹരി കേസിലെ പ്രതിയായ അനസ് കോളേജ് വിദ്യാർത്ഥികളെയും പ്രദേശത്തെ ചെറുപ്പക്കാരെയും ലക്ഷ്യമിട്ട് വ്യാപകമായി മയക്കുമരുന്ന് വിൽപ്പന നടത്തിവരുന്ന സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കി. അധ്യാപികമാരുടെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് പരിശോധിച്ചതിൽ നിന്നുമാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. കസ്റ്റഡിയിലെടുത്ത അനസിനെയും സഹോദരനെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
പരിക്കേറ്റ എസ്ഐ മനോജ് രാമത്ത്, എ എസ്ഐ സുനിൽകുമാർ സി.എം, എസ് സിപിഒ ശോഭിത്ത്, എ എസ്ഐ ഷാജി വി.ഐ, എസ് സിപിഒ ലിസ്‌ന എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.