Trending

വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയുടെ ഗിൽ പ്രവാഹം; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ചരിത്ര വിജയം.


ഗുവഹാത്തി: വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ചരിത്ര വിജയം. വിൻഡീസ് ഉയർത്തിയ 406 റൺസ് വിജയലക്ഷ്യം 43.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ശുഭ്മാൻ ഗിൽ (133 പന്തിൽ 223) നേടിയ ഇരട്ട ശതകത്തിന്റേയും രോഹിത് ശർമ്മ നേടിയ (75 പന്തിൽ 101) സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ റൺമല കയറിയത്. 

ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ പിൻതുടർന്ന് നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2013ൽ ജയ്പൂരിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ 362 റൺസിന്റെ റെക്കോർഡാണ് മായ്ച്ചു കളഞ്ഞത്. 400 റൺസിന് മുകളിൽ മറികടന്ന് ജയിക്കുന്ന രണ്ടാമത്തെ ടീമായും ഇന്ത്യ മാറി. നേരത്തെ അമീർ ജാംഗൂ (114), ജോൺ കാംപെൽ (101), ഷായ് ഹോപ്പ് (104) എന്നിവരുടെ ശതകത്തിന്റെ ബലത്തിലാണ് വിൻഡീസ് കൂറ്റൻ സ്‌കോർ അടിച്ചെടുത്തത്. കരീബിയൻ ടീമിന്റെ ഏകദിനത്തിലെ ഉയർന്ന ടീം ടോട്ടലാണിത്.

മറുപടി ബാറ്റിങ്ങിൽ രോഹിതും ഗില്ലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇന്ത്യ 255 റൺസ് പടുത്തുയർത്തി. 75 പന്തിൽ 101 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. ഏകദിനത്തിൽ 12,000 റൺസ് എന്ന നാഴികകല്ലും ഹിറ്റ്മാൻ ഗുവഹാത്തിയിൽ സ്വന്തം പേരിലാക്കി. തുടർന്നെത്തിയ വിരാട് 19 പന്തിൽ 29 റൺസെടുത്ത് തിളങ്ങാനാവാതെ പുറത്തായി. 

എന്നാൽ ഋതുരാജ് ഗെയിക് വാദുമായി ചേർന്ന് ഗിൽ ഇന്ത്യയെ അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. 117 പന്തിൽ നിന്നാണ് ഗിൽ ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയാണിത്. 24 ഫോറും ഏഴ് സിക്സറും സഹിതമാണ് ഈ ഇന്നിങ്‌സ്. ജയത്തോടെ വിൻഡീസിനെതിരായ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി.

Post a Comment

Previous Post Next Post