തിരുവനന്തപുരം: തിരുവനന്തപുരം നിംസ് മെഡിസിറ്റിയിൽ അപൂർവ്വമായ 'റാപ്പുൺസെൽ സിൻഡ്രോം' ബാധിച്ച ഒൻപതുവയസ്സുള്ള പെൺകുട്ടിയുടെ വയറ്റിൽ നിന്നും ചെറുകുടലിൽ നിന്നും ഒരു കിലോഗ്രാം തൂക്കം വരുന്ന മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തുടർച്ചയായി വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പീഡിയാട്രിക് സർജറി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ബിജു ഐ.ജി നായർ നേതൃത്വം നൽകിയ ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
കുട്ടിയുടെ കുടലിൽ ഗുരുതരമായ തടസ്സം രൂപപ്പെട്ടത് സി.ടി സ്കാനിങ്ങിലൂടെ ഡോക്ടർമാർക്ക് കണ്ടെത്താനായി. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി പരിശോധനയിലാണ് വയറിനുള്ളിലും ചെറുകുടലിലുമായി വലിയ തോതിൽ മുടി അടിഞ്ഞുകൂടിയതായി ബോധ്യപ്പെട്ടത്. കുട്ടികൾക്ക് മാനസിക സമ്മർദ്ദമോ ഭയമോ ഉണ്ടാകുമ്പോൾ സ്വന്തം മുടി പറിച്ചെടുത്ത് വിഴുങ്ങുന്ന ശീലം ഉണ്ടാകാറുണ്ട്. മുടി ദഹിക്കാത്തതിനാൽ മാസങ്ങളോളം വയറ്റിൽ തുടരുന്നതിലൂടെ ഇത്തരത്തിൽ വലിയ മുടിക്കെട്ടുകളായി രൂപപ്പെടുന്നു.
ലോകത്ത് വളരെ അപൂർവ്വമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് റാപ്പുൺസെൽ സിൻഡ്രോം. എന്നാൽ കൃത്യസമയത്ത് തന്നെ ശസ്ത്രക്രിയ ചെയ്തതു കൊണ്ട് കുട്ടിയുടെ വയറ്റിൽ നിന്നും ചെറുകുടലിൽ നിന്നും മുടി പൂർണ്ണമായും നീക്കം ചെയ്യാൻ ഡോക്ടർമാർക്കായി. ശസ്ത്രക്രിയക്കു ശേഷം കുട്ടി പൂർണ്ണ ആരോഗ്യത്തോടെ തിരികെ വരികയും സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങുകയും ചെയ്തതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി.