കൂടരഞ്ഞി: കക്കാടംപൊയിൽ വിനോദ യാത്രക്കെത്തിയ മാറാട് സ്വദേശികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മാറാട് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന അണ്ടത്തോടത്ത് സായന്ത് (23) ആണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേറ്റു. ആദർശ്, അമൽ, അക്ഷയ്, സനൂജ്, അഷ്റഫ്, അമിത്, മിഥുൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
ഇന്ന് രാത്രി ഏഴരയോടെ കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ പീടികപ്പാറയ്ക്ക് സമീപമായിരുന്നു അപകടം. എട്ടംഗ സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പ് കുത്തനെയുള്ള ഇറക്കവും കൊടും വളവുമുള്ള പീടികപ്പാറയിൽ വെച്ച് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ മുക്കം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സായന്തിന്റെ ജീവൻ രക്ഷിക്കാനായില്ല.