മേപ്പയ്യൂർ: മേപ്പയ്യൂർ നരക്കോട് നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിടിച്ച് പ്ലസ്‌വൺ വിദ്യാർത്ഥി മരിച്ചു. തുറയൂർ ഇരിങ്ങത്ത് കുളങ്ങര കൃഷ്ണനിലയത്തിൽ അജൽ പ്രവീൺ (16) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.30ഓടെ നരക്കോട്-ഇരിങ്ങത്ത് റോഡിലായിരുന്നു അപകടം. ജിമ്മിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതോടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അജലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. തുറയൂർ ഇരിങ്ങത്ത് കുളങ്ങര കൃഷ്ണനിലയം (നടുക്കണ്ടി) പ്രവീൺകുമാറിന്റെയും മഞ്ജുഷയുടെയും മകനാണ് അജൽ. അർജുൻ പ്രവീൺ സഹോദരനാണ്.