കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ കാരന്തൂർ മർക്കസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമിന് ഉജ്ജ്വല സ്വീകരണം. അഞ്ചു ദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോടെത്തിയത്.
വൈകുന്നേരം 5.40 ഓടെ മർക്കസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രിയെ മർക്കസ് വർക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സെക്രട്ടറി സി. മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ശേഷം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മർക്കസും മലേഷ്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയ ബന്ധങ്ങൾ, വിദ്യാഭ്യാസ- സാംസ്കാരിക- വൈജ്ഞാനിക സഹകരണം, മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചു.
മാനുഷിക സേവനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും വിദ്യാഭ്യാസ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മർക്കസ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമത്തിൽ കൈമാറി. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾക്കുള്ള ആദരസൂചകമായി ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ കയ്യെഴുത്ത് പ്രതി എ.പി ഉസ്താദ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. സ്വീകരണ സംഗമത്തിന് ശേഷം മത- രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിച്ച ഗ്രാൻഡ് മുഫ്തിയുടെ അത്താഴ വിരുന്നിലും അൻവർ ഇബ്‌റാഹീം പങ്കെടുത്തു. 9.30 ഓടെ കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സിഎം വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദർശിച്ചു.
ഇത് രണ്ടാം തവണയാണ് അൻവർ ഇബ്‌റാഹീം ഗ്രാൻഡ് മുഫ്തിയെ സന്ദർശിക്കാൻ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് 2022 സെപ്റ്റംബറിലായിരുന്നു ആദ്യ മർക്കസ് സന്ദർശനം. 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. കാന്തപുരത്തിന്റെ ആറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തിന് ആദരസൂചകമായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ 2023, 2024, 2025 വർഷങ്ങളിൽ ക്വാലാലംപൂരിൽ ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു. കേരള സന്ദർശനം ഇരു നാടുകൾക്കുമിടയിൽ വാണിജ്യം, വിനോദ സഞ്ചാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, വിദ്യാഭ്യാസം, കണക്ടിവിറ്റി തുടങ്ങിയ രംഗങ്ങളിൽ വലിയ ചലനങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിക്കുമെന്ന് കേരളത്തിലെത്തുന്നതിന് മുമ്പ് മലേഷ്യൻ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
കൂടിക്കാഴ്ചയിലും സ്വീകരണ സംഗമത്തിലും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലികുട്ടി, കർണാടക ആരോഗ്യവകുപ്പ് മന്ത്രി യു.ടി ഖാദർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ.സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, സി.മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, കുറ്റൂർ അബ്‌ദുറഹ്‌മാൻ ഹാജി, എ.പി അബ്ദുൽ കരീം ഹാജി ചാലിയം തുടങ്ങിയ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വ്യവസായ പ്രമുഖർ സംബന്ധിച്ചു.