റിയാദ്: സൗദിയിലെ റിയാദിൽ ഒരു സംഘം ആളുകൾ മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിലെത്തി ആക്രമിച്ച് ലക്ഷക്കണക്കിന് റിയാലിന്റെ വസ്തുവകകൾ കവർന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർദ്ധരാത്രിയിൽ റിയാദ് നസീമിലാണ് സംഭവം നടന്നത്. കവർച്ചയിൽ മൊത്തം 10 ലക്ഷം റിയാലിന്റെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്കുകൾ.
പുലർച്ചെ 2.30ഓടെ മലയാളികളായ താമസക്കാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് പാകിസ്താനികളും അറബ് വംശജരും അടങ്ങുന്ന 15ഓളം വരുന്ന സായുധ സംഘം ഫ്ലാറ്റിൽ അതിക്രമിച്ചു കയറുകയായിരുന്നു. റൂമിലുണ്ടായിരുന്നവരെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച ശേഷമായിരുന്നു കവർച്ച.
പാലക്കാട് പട്ടാമ്പി നെല്ലിക്കാട്ടിൽ ഇസ്മായിൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ഷിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്തുപറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവർക്കായിരുന്നു ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശംസീറും ഹാരിസും വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി.
സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരയായ മലയാളികൾ. ഫ്ലാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇവരുടെ വാഹനങ്ങൾ കുത്തിത്തുറന്ന് ആറു ലക്ഷം റിയാലിൻ്റെ സിഗരറ്റും മൂന്നു ലക്ഷം റിയാൽ പണവും സംഘം കവർന്നു. കൂടാതെ ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ശിഹാബിൻ്റെ 40,000 റിയാലും, മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും നഷ്‌ടപ്പെട്ടിട്ടുണ്ട്.
ആക്രമികൾ കടന്നുകളഞ്ഞ ടൊയോട്ട ഹിയാസ് വാനും കൊറോള കാറും പിന്നീട് ജിപിഎസ് സംവിധാനം വഴി ട്രാക്ക് ചെയ്ത് കണ്ടെത്താനായി. സംഭവത്തിൽ ഇരയായവർ റിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് ഏതാനും പ്രതികളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.