തൃശൂർ: തൃശൂർ കയ്പമംഗലം ദേശീയപാതയിൽ വാഹനാപകടത്തിൽ എട്ടു പേർക്ക് ദാരുണാന്ത്യം. കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു. വെള്ളിയാഴ്ച അർദ്ധരാത്രി 12 മണിയോടെ കയ്പമംഗലം പനമ്പിക്കുന്നിലാണ് അപകടം. ഏഴുപേർ അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്.
മധുരെ രജിസ്ട്രേഷൻ സെവൻ സീറ്റർ കാറാണ് ഇടിച്ചത്. തമിഴ്നാട് സ്വദേശികളായ വിദ്യാർത്ഥികളാണെന്ന് സംശയിക്കുന്നു. ഡിണ്ടിഗലിലെ പിഎസ്എൻഎ. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയുടെ ഐ.ഡി. കാർഡ് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ, പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തിയിട്ട മൂന്ന് ലോറികളിൽ ഒന്നാണിത്.
നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും പോലീസും ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽ നിന്ന് യുവാക്കളെ പുറത്തെടുത്തത്. ഫയർഫോഴ്സ് എത്തിയ ശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുക്കാൻ കഴിഞ്ഞത്. ഈ മേഖലയിൽ അപകടം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.