Trending

തൊടുപുഴയിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു, രണ്ടു പേർക്ക് പരിക്ക്.


ഇടുക്കി: കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടു നിർമ്മാണ തൊഴിലാളികൾ മരിച്ചു. തൊടുപുഴ മുതലക്കോടത്ത് ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ അതിഥി തൊഴിലാളികളാണെന്നാണ് വിവരം.

പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ കെട്ടിടത്തിന്റെ ഭിത്തി തകർന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാല് തൊഴിലാളികൾ അപകടത്തിൽപ്പെട്ടിരുന്നു. കോൺക്രീറ്റ് പാളികൾക്കടിയിലായി മണ്ണിൽ പുതഞ്ഞുപോയവരെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വൃദ്ധരായ പുരോഹിതരെ മാറ്റി പാർപ്പിക്കുന്ന സാൻജോ ഹോം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഹോമിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടയാണ് അപകടം. കെട്ടിടം പൊളിച്ച് നീക്കുന്നതിനിടെ കൂറ്റൻ ബീമുകളും കോൺക്രീറ്റ് പാളികളും തകർന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു.

Post a Comment

Previous Post Next Post