വടകര: വടകര കൈനാട്ടി ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. രാവിലെ ഒൻപതോടെ റോഡരികിൽ നിർത്തിയിട്ടു പോയ വാഹനത്തിനാണ് തീപിടിച്ചത്.
ഉച്ചയോടെ കാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ വ്യാപാരികളും നാട്ടുകാരും ഉടൻ തന്നെ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് വാഹനം പൂർണ്ണമായി കത്തുകയായിരുന്നു. അപകടസമയത്ത് കാറിനുള്ളിൽ ഒരു ലാപ്ടോപ്പ് സൂക്ഷിച്ചിരുന്നതായി വിവരമുണ്ട്.
വിവരമറിഞ്ഞ് വടകരയിൽ നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ മറ്റ് ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.