മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബു (26) ആണ് പിടിയിലായത്. മലപ്പുറം എസ്പി ചൈത്ര തെരേസ ജോണും സംഘവും തിരുവനന്തപുരത്ത് എത്തിയാണ് പ്രതിയെ പിടികൂടിയത്.
വിദ്യാര്‍ത്ഥിനികൾ അടക്കമുള്ളവരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് സുബിന്‍ ബാബുവാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മെറ്റ അടക്കമുള്ള അധികൃതരോട് ഇതുമായി ബന്ധപ്പെട്ട് പോലീസ് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത സുബിന്‍ ബാബു ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.
തിരുവനന്തപുരത്ത് മൊബൈല്‍ ടെക്‌നീഷ്യനാണ് 26 കാരനായ സുബിന്‍ ബാബു. മലബാര്‍ മേഖല കേന്ദ്രീകരിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്നും വിദ്യാര്‍ത്ഥിനികളുടേയും മറ്റും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുക വഴി ഇയാള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടായെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മലപ്പുറം ജില്ലയിലെ 12 ഓളം കോളേജുകളില്‍ നിന്നാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നത് സംബന്ധിച്ച പരാതി ഉയര്‍ന്നത്. വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സുബിന്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എല്ലാ പരാതികളും കണക്കിലെടുത്ത് സൈബര്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു.