Trending

ഭക്ഷ്യവസ്തുക്കൾക്ക് അമിതവില; കോഴിക്കോട് തിയേറ്ററുകളിൽ മിന്നൽ പരിശോധന.


കോഴിക്കോട്: നഗരത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളിൽ വിവിധ വകുപ്പുകളുടെ സംയുക്ത മിന്നൽ പരിശോധന. ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയുടെയും ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെയും കര്‍ശ്ശന നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.

പരിശോധനയിൽ തിയേറ്ററുകളിലെ കഫേകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്റ്റോര്‍ റൂമുകളില്‍ ഭക്ഷ്യവസ്തുക്കള്‍ കൃത്യമായ താപനിലയിൽ സൂക്ഷിക്കാതിരിക്കുക, വില്‍പ്പനയ്ക്കായി വെച്ച സാധനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. അതേസമയം, അളവ് തൂക്ക ഉപകരണങ്ങളിൽ മറ്റ് നിയമലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. തിയേറ്ററുകളിൽ കൃത്യമായ വില വിവര പട്ടിക പ്രദർശിപ്പിക്കാനും, സിനിമ കാണാൻ എത്തുന്നവർക്ക് സൗജന്യമായി കുടിവെള്ളം ഉറപ്പാക്കാനും സിവില്‍ സപ്ലൈസ് അധികൃതർ കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ എം.എം പ്രജുല, കോഴിക്കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ കെ.കെ നാസര്‍, ബിനു ബാലക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post