വാഷിങ്ടൺ: അവയവമാറ്റ ചികിത്സയിൽ പുതിയ റെക്കോർഡ്. പന്നിയുടെ വൃക്ക മനുഷ്യനിൽ 271 ദിവസം പ്രവർത്തിച്ചതായി അമേരിക്കയിലെ ഡോക്ടർമാർ. ഇത് വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണെന്നും കിഡ്നി മാറ്റിവെക്കൽ ചികിത്സാ രംഗത്ത് പുതിയ പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്നും ഡോക്ടർമാർ പറഞ്ഞു.
മനുഷ്യന്റെ അവയവം ലഭ്യമാകും വരെ പന്നിയുടെ അവയവങ്ങൾ താൽക്കാലികമായി ഉപയോഗിക്കാം എന്നാണിത് വ്യക്തമാക്കുന്നതെന്ന് മാസ് ജനറൽ ബ്രിഗാം ആശുപത്രി ഡോക്ടർമാർ വ്യക്തമാക്കുന്നു. ഡയാലിസിസ് ചെയ്യാൻ ആശുപത്രിയിലേക്ക് പോകുന്നത് ഇതിലൂടെ ഒഴിവാക്കാനായെന്ന് പന്നിയുടെ വൃക്ക സ്വീകരിച്ച ടിം ആൻഡ്രൂസ് പറഞ്ഞു. എന്നാൽ പന്നിയുടെ അവയവം പിന്നീട് പ്രവർത്തനരഹിതമാവുകയും നീക്കം ചെയ്യുകയും ചെയ്തു. തുടർന്ന് ഒരു ദാതാവിനെ കണ്ടെത്തും വരെ ആൻഡ്രൂസിന് ചെറിയ ഒരു കാലയളവ് ഡയാലിസിസ് ചെയ്യേണ്ടതായി വന്നു.
അമേരിക്കയിൽ ഏകദേശം ഒരു ലക്ഷം ആളുകൾ വൃക്കയ്ക്കായി കാത്തിരിക്കുമ്പോൾ പ്രതിവർഷം 25,000 അവയവമാറ്റ ശാസ്ത്രക്രിയ മാത്രമാണ് നടക്കുന്നത്. യുകെയിൽ 7,000-ത്തിലധികം ആളുകൾ വൃക്ക മാറ്റിവെക്കൽ ലിസ്റ്റിലുണ്ട്. ഇതുപ്രകാരം വൃക്ക ലഭിക്കാൻ ഏഴ് വർഷമെടുത്തേക്കാമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ഡോക്ടർമാർ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ടിം ആൻഡ്രൂസ് പന്നിയുടെ വൃക്ക സ്വീകരിക്കുന്ന പരീക്ഷണത്തിന് തയ്യാറായത്.
2025 ജനുവരിയിലായിരുന്നു ശസ്ത്രക്രിയ. ആൻഡ്രൂസിന് അന്ന് 66 വയസ്സായിരുന്നു പ്രായം. മാറ്റിവെച്ച പന്നിയുടെ വൃക്ക ഉടനെ തന്നെ പ്രവർത്തിച്ച് തുടങ്ങിയതായി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ നിന്നും വ്യക്തമാണ്. ആ വർഷം ഒക്ടോബറിൽ എടുത്തുമാറ്റുന്നത് വരെ വൃക്ക പ്രവർത്തിച്ചു. തുടർന്ന് ഒരു ദാതാവിൽ നിന്നുള്ള അവയവം ലഭിക്കുന്നത് വരെ ആൻഡ്രൂസിന് 82 ദിവസത്തേക്ക് ഡയാലിസിസ് ആവശ്യമായി വന്നു. ആ അവയവം ഇപ്പോൾ നന്നായി പ്രവർത്തിക്കുന്നുണ്ട്.