മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്.
ഇന്ന് രാവിലെ 7.45 ഓടു കൂടി കൽക്കുണ്ട് അട്ടിയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്. പശുവിനെ പുല്ലു തീറ്റിക്കുന്നതിനിടെ പൊട്ടിവീണു കിടന്നിരുന്ന ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർന്നുള്ള ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.