കൊച്ചി: സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ. പെന്‍ഷന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഫോണ്‍ വിളിച്ചശേഷം നല്‍കിയ വാട്‌സാപ്പ് ലിങ്കില്‍ പ്രവേശിച്ച എറണാകുളം സ്വദേശിയായ വയോധികനാണ് പണം നഷ്ടമായത്. പീടിയേക്കല്‍ റോഡ് സ്വദേശിയായ ഹംസയാണ് തട്ടിപ്പിനിരയായത്.
ഈ മാസം ഏഴിനാണ് സംഭവം. ഹംസയുടെ ഫോണിലേക്ക് പോസ്റ്റ് ഓഫീസ് പെന്‍ഷന്‍ കാര്‍ഡിന്റെ കാര്യങ്ങള്‍ സംസാരിക്കാനെന്ന് പറഞ്ഞ് കോള്‍ വന്നു. തുടര്‍ന്ന് വാട്‌സാപ്പ് നമ്പറില്‍ നിന്ന് പോസ്റ്റോഫീസ് പെന്‍ഷന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനെന്ന് പറഞ്ഞ് ലിങ്ക് അയച്ചു കൊടുത്തു. ഈ ലിങ്ക് വഴി മേല്‍വിലാസവും മറ്റു വിവരങ്ങളും നല്‍കിയതിന് പിന്നാലെയാണ് അക്കൗണ്ടിലുണ്ടായ ഏഴു ലക്ഷം രൂപ നഷ്ടമായത്.
സൈബര്‍ തട്ടിപ്പിനിരയായാല്‍ എന്ത് ചെയ്യണം?
സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി നല്‍കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ സംവിധാനം. കുറ്റകൃത്യങ്ങള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ പോലീസിന് സഹായകരമാകും.