എലത്തൂർ: എലത്തൂരിൽ കാർ യാത്രക്കാരെ ആക്രമിച്ച് പണവും ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. തമിഴ്നാട് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിരവധി ക്രിമിനൽ കേസ് പ്രതി എലത്തൂർ ചെട്ടികുളം സ്വദേശി ഇരിക്കാലിപ്പറമ്പ് കാട്ട പ്രവീൺ (26), കൂട്ടാളി തെക്കേ കുന്നത്ത് മുഹമ്മദ് നിയാസ് (26) എന്നിവരെയാണ് എലത്തൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. എലത്തൂർ സ്വദേശി മുഹമ്മദ് മർഷൂക്കും സഹോദരനും കാറിൽ പാവങ്ങാട് ഭാഗത്തു നിന്നും പൂളാടിക്കുന്ന് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. പാവങ്ങാട് യുപി സ്‌കൂളിന് മുൻവശത്ത് വെച്ച് പ്രതികളും സുഹൃത്തുക്കളും മറ്റൊരു കാറിൽ എത്തി മർഷൂക്ക് സഞ്ചരിച്ച കാറിന്റെ പിന്നിൽ ഇടിച്ച് നിർത്തിക്കുകയായിരുന്നു.
പുറത്തിറങ്ങിയ മർഷൂക്കിന്റെ സഹോദരന്റെ പോക്കറ്റിലുണ്ടായിരുന്ന 13,000 രൂപയും 33,000 രൂപ വിലയുള്ള മൊബൈൽ ഫോണും പ്രതികൾ പിടിച്ചുപറിച്ചു കൊണ്ട് പോയി. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ എലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ചെട്ടികുളം ജെട്ടി റോഡിന് സമീപത്തു വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ബലം പ്രയോഗിച്ചാണ് പോലീസ് സംഘം കീഴ്‌പ്പെടുത്തിയത്. പിടിയിലായ പ്രവീണിന്റെ പേരിൽ ഒട്ടനവധി കേസുകളും നിലവിലുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇയാൾ കൊട്ടേഷൻ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ബീച്ച് ഭാഗങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് മയക്കുമരുന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. നിലവിൽ തമിഴ്‌നാട് മധുര ജില്ലയിലെ സെല്ലൂർ പോലീസ് റിപ്പോട്ട് ചെയ്ത തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പ്രവീൺ.
എലത്തൂർ പോലീസ് ഇൻസ്‌പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഹരീഷ് കുമാർ വി.ടി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, നിജിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ വൈശാഖ്, സജിനേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.