മലപ്പുറം: മലപ്പറം തിരൂരിൽ വാക്കുതർക്കത്തിനിടെ മകൻ അച്ഛനെ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത മകൻ ഉണ്ണികൃഷ്ണൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.
പരിക്കേറ്റ വേലായുധനെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. ഇരുവരും ടാർപോളിൻകൊണ്ട് മറച്ച ഷെഡിലാണ് താമസിച്ചുവന്നത്. ഭാര്യ: രാധ. മറ്റുമക്കൾ: ജിതേഷ്, ജീന.