കണ്ണൂർ: ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖ (51) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു.
കഴിഞ്ഞ ദിവസം ഇവര്‍ക്ക് സ്ഥലമാറ്റ ഉത്തരവ് വന്നിരുന്നു. അതിന് പിന്നാലെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു ദീപലേഖ. സ്ഥലം മാറ്റത്തിലുള്ള മനോവിഷമം സഹപ്രവർത്തകരോടും പറഞ്ഞിരുന്നു. നേരത്തെ ചൊക്ലി പഞ്ചായത്തില്‍ നിന്നും ഇവരെ മട്ടന്നൂര്‍ നഗരസഭയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. എന്നാൽ പിന്നീടത് റദ്ദാക്കി ദീപയെ പിണറായി പഞ്ചായത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
നാല് മാസം മുൻപാണ് ചൊക്ലി എഫ്‌എച്ച്‌സിയിലേക്ക് ഇവർ സ്ഥലം മാറിയെത്തിയത്. പിന്നീട് ഒരു അപകടത്തിൽ കാലിന്റെ എല്ലുപൊട്ടി രണ്ട് മാസം കിടപ്പിലായിരുന്നു. തിരികെ ജോലിക്കെത്തിയെങ്കിലും നടക്കാൻ പ്രയാസമായിരുന്നു. ഇതിനിടയിലാണ് ഇന്നലെ ട്രാൻസ്ഫർ ഉത്തരവ് കൈപ്പറ്റിയത്. കോഴിക്കോട് മേപ്പയ്യൂർ സ്വദേശിനിയാണ് ദീപലേഖ. പ്രശസ്‌ത നാടക സംവിധായകൻ സുരേഷ്‌ബാബുവാണ് ഭര്‍ത്താവ്.